English| മലയാളം

വിവരണം

വിവിധ മത വിഭാഗങ്ങളുടെ നിരവധി ആരാധനാലയങ്ങള്‍ നഗരസഭയിലുണ്ട്. വിശ്വംബരക്ഷേത്രം, വെങ്കിടത്തേവര്‍ ശിവക്ഷേത്രം, ഇന്ത്യനൂര്‍ മഹാഗണപതി ക്ഷേത്രം, പാലപ്പുറ ജുമാ മസ്ജിദ്, പാലത്തറ ജുമ മസ്ജിദ്, സെന്റ് ജോര്‍ജ് സിറിയന്‍പള്ളി, ആതുരമാതപള്ളി എന്നിവയാണ് പ്രധാന ദേവാലയങ്ങള്‍. കോട്ടക്കല്‍ പൂരം, വെങ്കിടത്തേവര്‍ ക്ഷേത്രോത്സവം, പാലപ്പുറ നേര്‍ച്ച തുടങ്ങി നിരവധി ഉത്സവാഘോഷങ്ങള്‍ ആണ്ടുതോറും നടന്നുവരുന്നു. സാഹിത്യകാരനായ പി.വി കൃഷ്ണന്‍ വാര്യര്‍, ആയൂര്‍വേദ പണ്ഡിതന്‍ വൈദ്യരത്നം   പി.എസ്.വാര്യര്‍, മുന്‍മന്ത്രി ബിരാന്‍ സാഹിബ് തുടങ്ങിയവര്‍ ഈ ദേശത്തെ മണ്‍മറഞ്ഞ പ്രമുഖ വ്യക്തികളാണ്. ആര്യവൈദ്യശാലയുടെ ഇപ്പോഴത്തെ മേധാവിയും പ്രമുഖ ആയൂര്‍വേദ ഭിഷ്വാഗരനുമായ ഡോ.പി.കെ വാര്യര്‍, അബ്ദു സമദ് സമദാനി, നര്‍ത്തകന്‍ കോട്ടക്കല്‍ ശശിധരന്‍ തുടങ്ങിയവര്‍ ഇവിടെ ഇന്നു ജീവിച്ചിരിക്കുന്ന പ്രശസ്ത വ്യക്തികളാണ്. കോട്ടക്കല്‍ നഗരസഭാ ലൈബ്രറി, കോട്ടപ്പടി യുറീക്കവായനശാല, കോട്ടൂര്‍ യുവശക്തി, പി.എസ്.വി. നാട്യസംഘം, ബി.ടി.ആര്‍ സ്മാരക സമിതി തുടങ്ങിയ കേന്ദ്രങ്ങള്‍ പ്രദേശത്തിന്റെ കലാ-സാംസ്കാരിക തട്ടകങ്ങളാണ്. കേരളത്തിലെ ആയൂര്‍വേദ ഈറ്റില്ലമായ കോട്ടക്കല്‍ ആര്യവൈദ്യശാലയാണ് നഗരസഭയിലെ പ്രധാന ആരോഗ്യ കേന്ദ്രം. അലോപ്പതി ചികിത്സ മേഖലയില്‍ കോട്ടക്കല്‍ സഹകരണ ആശുപത്രി, എം.ഐ.എം.എസ് ആശുപത്രി, നേഹ ആശുപത്രി തുടങ്ങി നിരവധി സ്വകാര്യ സഹകരണ ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. ഇവ കൂടാതെ നിരവധി ഹോമിയോപ്പതി ക്ളിനിക്കുകളും നഗരസഭയില്‍ നിലവിലുണ്ട്. ആര്യവൈദ്യശാലയും  മറ്റു സ്വകാര്യ അലോപ്പതി ആശുപത്രികളും പ്രദേശത്ത് ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നുണ്ട്. ഇന്ത്യനൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളിലാണ് നഗരസഭയിലെ മൃഗശുപത്രി പ്രവര്‍ത്തിക്കുന്നത്. സ്വകാര്യമേഖലയിലും-സര്‍ക്കാര്‍മേഖലയിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നഗരസഭയിലുണ്ട്. പ്രസിഡന്‍സി കോളേജ്, തേക്കംപാറ ആര്‍ട്സ് കോളേജ്, കോട്ടക്കല്‍ വനിത പൊളിടെക്നിക് കോളേജ് തുടങ്ങിയവ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള സ്ഥാപനങ്ങളാണ്. സര്‍ക്കാര്‍ യു.പി.എസ്.നായാടിപ്പാറ, രാജാസ് എച്ച്.എസ്.എസ്, എന്‍.എസ്.എസ്.കെ.എച്ച്.എസ്.എസ് വലിയപറമ്പ് തുടങ്ങി 22-ഓളം സ്ക്കുളുകള്‍ നഗരസഭയിലെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നിലവിലുണ്ട്. ബാങ്കിംഗ് മേഖലയില്‍ ദേശസാല്‍കൃത ബാങ്കുകളായ എസ്.ബി.ഐ, എസ്.ബി.ടി, കാനറ ബാങ്ക്, ബാങ്ക ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി 17 ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ രണ്ടു സഹകരണ ബാങ്കുകളും, ആറ് സ്വകാര്യ ബാങ്കുകളും ഉള്‍പ്പെടുന്നു.