English| മലയാളം

കോട്ടക്കല്‍ നഗരസഭയുടെ സി.എച്ച് ഓഡിറ്റോറിയം ബൈലോ

  കോട്ടക്കല്‍ നഗരസഭയുടെ സി.എച്ച് ഓഡിറ്റോറിയം കൈകാര്യ കര്‍തൃത്വത്തിനായി കോട്ടക്കല്‍ നഗരസഭ 1994 ലെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് 567-ാം വകുപ്പു പ്രകാരം തയ്യാറാക്കിയ ബൈലോ


1. ഈ ബൈലോ കോട്ടക്കല്‍ നഗരസഭാ സി.എച്ച് ഓഡിറ്റോറിയം ഉപയോഗവും, നിയന്ത്രണവും സംബന്ധിച്ച ബൈലോ എന്നറിയപ്പെടുന്നു. പ്രസിദ്ധീകരിക്കുന്ന തിയതി മുതല്‍ ബൈലോ പ്രാബല്യത്തില്‍ വരുന്നതാണ്.
2. നഗരസഭാ ഓഡിറ്റോറിയം ഉപയോഗിക്കുന്നതിനും വാടകക്ക് നല്‍കുന്നതിനും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നഗരസഭ നിശ്ചയിക്കുന്ന വ്യവസ്ഥകളും ബാധകമായിരിക്കുന്നതാണ്.
3. നിയമാനുസൃതവും പൊതുജന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതുമായ കാര്യങ്ങള്‍ക്ക് മാത്രമേ ഹാള്‍ ഉപയോഗിക്കുവാന്‍ പാടുള്ളൂ. നഗരസഭാ കൗണ്‍സിലിന്‍റെ ഇക്കാര്യത്തിലുള്ള തീരുമാനങ്ങള്‍ അന്തിമമായിരിക്കുന്നതാണ്. നഗരസഭ കൗണ്‍സിലിന്‍റെയോ, ചെയര്‍മാന്‍റെയോ മുന്‍കൂര്‍ അറിവിനും അനുമതിക്കും വിധേയമായി നഗരസഭാ സെക്രട്ടറിക്ക് ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളാവുന്നതാണ്. 
4. ഹാള്‍ ഉപയോഗിക്കുന്നതിന് ഒരു ദിവസത്തിന് വാടക 5000/  രൂപയായിരിക്കുന്നതും ആയതിന്‍റെ സര്‍വ്വീസ് ചാര്‍ജ്ജ്, ക്ലീനിംഗ് ചാര്‍ജ്ജ് 500/ രൂപയും വെള്ളചാര്‍ജ്ജ് 100/ രൂപയും, കറന്‍റ് ചാര്‍ജ്ജ് 100/ രൂപയുമാണ്. മുഴുവന്‍ തുകയും മുന്‍കൂര്‍ ആയി ഓഫീസില്‍ അടച്ച് രസീതി വാങ്ങേണ്ടതാണ്.
5. നഗരസഭയുടെ ആവശ്യത്തിന് വേണ്ടിയോ, പൊതുതാല്‍പര്യത്തിനെതിരായത് കൊണ്ടോ ഹാളിന്‍റെ ഉപയോഗം നിരോധിക്കുന്നതിനോ, നിയന്ത്രിക്കുന്നതിനോ നഗരസഭാ സെക്രട്ടറിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
6. സര്‍ക്കാര്‍ പരിപാടികള്‍ക്കോ, മറ്റ് പ്രത്യേകമായി രേഖപ്പെടുത്താവുന്ന കാര്യങ്ങള്‍ക്കോ കൗണ്‍സിലിന്‍റെയോ, ചെയര്‍മാന്‍റെയോ അനുമതിയോടെ വാടക നിരക്കില്‍ മാറ്റം വരുത്തി ഹാള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിന് മുനിസിപ്പല്‍ സെക്രട്ടറിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
7. ഏതെങ്കിലും പ്രത്യേക ആവശ്യങ്ങള്‍ക്കോ, സംഘടനകള്‍ക്കോ ഹാള്‍ ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കുന്നതിന് ഉള്ള അധികാരം കൗണ്‍സിലില്‍ നിക്ഷിപ്തമാണ്
8. ഓഡിറ്റോറിയം ആവശ്യമുള്ളവര്‍ മുന്‍കൂര്‍ തുക അടച്ച് ബുക്ക് ചെയ്യേണ്ടതും ലഭ്യമായതനുസരിച്ച് മാത്രം അനുമതി നല്‍കുന്നതുമാണ്.
9. ഓഡിറ്റോറിയം ബുക്ക് ചെയ്യുന്ന അവസരത്തില്‍ വാടക കൂടാതെ 3000/ രൂപ നിരതദ്രവ്യമായി നഗരസഭയില്‍ ഒടുക്കേണ്ടതും, ഓഡിറ്റോറിയത്തിനും സ്വത്തുകള്‍ക്കും കേടുപാടുകള്‍ കൂടാതെ ഒഴിയുന്ന മുറക്ക് ടി തുക തിരിച്ചു നല്‍കുന്നതുമാണ്.
10. ഓഡിറ്റോറിയത്തിനോ അനുബന്ധ സാമഗ്രികള്‍ക്കോ നാശനഷ്ടങ്ങള്‍ സംഭവിക്കുന്ന പക്ഷം യഥാവിധി നഷ്ടം ചുമത്തി ഈടാക്കുന്നതിനും നിക്ഷേപ തുക മുനിസിപ്പല്‍ ഫണ്ടിലേക്ക് ബര്‍ത്തിയാക്കുന്നതിനും സെക്രട്ടറിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
11. ഓഡിറ്റോറിയം ഒഴിഞ്ഞ് പോകുന്നതിന് മുമ്പായി വാടകക്കാര്‍ സ്വന്തം ചെലവില്‍ ശുചീകരണം നടത്തേണ്ടതാണ്.
12. ഓഡിറ്റോറിയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇലക്ട്രിക്കല്‍, പ്ലബിംഗ് സൗകര്യങ്ങള്‍ക്ക് അധികമായി വേണ്ടി വരുന്ന ക്രമീകരണങ്ങള്‍ വാടകക്കാര്‍ സ്വന്തം ചിലവില്‍ ഏര്‍പ്പെടുത്തേണ്ടതും നിലവിലുള്ള സംവിധാനങ്ങളില്‍ യാതൊരു വിധ മാറ്റങ്ങളും വരുത്താന്‍ പാടില്ലാത്തതുമാണ്.
13. ഓഡിറ്റോറിയം ഉപയോഗിക്കുന്നവര്‍ പരിസരവാസികള്‍ക്കും നാട്ടുകാര്‍ക്കും സ്വൈര്യ ജീവിതത്തിന് തടസ്സമുണ്ടാക്കുന്ന വിധം ഹാളിനകത്തോ പുറത്തോ മൈക്കുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്.
14. ലൈസന്‍സ്, അനുവാദം എന്നിവ ആവശ്യമുള്ള പക്ഷം ആയത് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും വാങ്ങിയിരിക്കേണ്ടതാണ്.
15. നഗരസഭയുടേതല്ലാത്ത കാരണങ്ങളിലോ മറ്റോ ഹാള്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നാല്‍ വാടക തുക മടക്കി നല്‍കുന്നതിന് നഗരസഭക്ക് ബാധ്യതയുണ്ടായിരിക്കുന്നതല്ല.
16. ഓഡിറ്റോറിയം ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യുന്നതിന് കുറഞ്ഞത് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതും 1/3 ഭാഗം രൂപ കുറച്ചുള്ള തുക നഗരസഭയുടെ അനുമതിയോടെ തിരിച്ച് ലഭിക്കുന്നതിന് വാടകക്കാരന് അവകാശമുണ്ടായിരിക്കുന്നതുമാണ്.
17. ഓഡിറ്റോറിയത്തിന്‍റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ആളുടെ ന്യായമായ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതും വാടകക്കായി നല്‍കിയിട്ടില്ലാത്ത മുറികളോ ഭാഗങ്ങളോ ഉപയോഗിക്കാന്‍ പാടില്ലാത്തതുമാണ്.
18. മുനിസിപ്പാലിറ്റിയുടെ മുന്‍കൂര്‍ അനുമതി കൂടാതെ ഹാളിനകത്തോ പരിസരങ്ങളിലോ കൊടിതോരണങ്ങള്‍, കമാനങ്ങള്‍, പോസ്റ്ററുകള്‍, പന്തലുകള്‍ എന്നിവ സ്ഥാപിക്കാന്‍ പാടുള്ളതല്ല. നഗരസഭയുടെ മുന്‍കൂര്‍ അനുമതിയോടെ സ്ഥാപിക്കുന്ന മേപ്പടി പ്രവര്‍ത്തികള്‍ വാടകക്കാരന്‍ സ്വന്തം നിലയില്‍ ഒഴിയുന്ന സമയം തന്നെ നീക്കം ചെയ്യേണ്ടതും ആയതില്‍ വെച്ച് ഹാളിനോ, ഫിറ്റിംഗുകള്‍ക്കോ, പരിസരങ്ങള്‍ക്കോ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് വാടകക്കാരന്‍ ഉത്തരവാദിയായിരിക്കുന്നതുമാണ്.
19. നഗരസഭയുടേതല്ലാത്ത വീഴ്ചകള്‍ മൂലം വിദ്യുച്ഛക്തി, ജലവിതരണം എന്നിവക്കുണ്ടാകുന്ന തടസ്സങ്ങള്‍ക്ക് നഗരസഭ ഉത്തരവാദിയായിരിക്കുന്നതല്ല.
20. സാധാരണ നിലയില്‍ നിന്നും അധികരിച്ച നിരക്കില്‍ വിദ്യുച്ഛക്തി , വെള്ളം എന്നിവ ഉപയോഗിക്കുന്ന പക്ഷം നഗരസഭ നിശ്ചയിക്കുന്ന അധിക നിരക്ക് നല്‍കുന്നതിന് വാടകക്കാരന്‍ ബാധ്യസ്ഥനാണ്.
21. ഹാളിന്‍റെ ഉപയോഗത്തെ സംബന്ധിച്ചും ഈടാക്കേണ്ട നിരക്കുകളെ സംബന്ധിച്ചും കാലാകാലങ്ങളില്‍ മാറ്റം വരുത്തുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനും നഗരസഭക്ക് പൂര്‍ണ്ണമായ അധികാരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. 
22. യാദൃശ്ചികമായി നഗരസഭയുടെയോ, ഗവണ്‍മെന്‍റിന്‍റെയോ പരിപാടി ഉണ്ടാകുന്ന പക്ഷം ഓഡിറ്റോറിയം ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യുന്നതിന് നഗരസഭാ സെക്രട്ടറിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
.
 
AttachmentSize
Kottakkal Municipality_ R3_10791-11 dated 31-07-2013.pdf72 KB