English| മലയാളം

ആമുഖം

2010 നവംബര്‍ 1ന് കോട്ടക്കല്‍ നഗരസഭ നിലവില്‍ വന്നു. 1953-ലാണ് കോട്ടക്കല്‍ പഞ്ചായത്ത് രൂപീകൃതമായത്. കോട്ടക്കല്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് അപ്പുവാരിയര്‍ ആയിരുന്നു. മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ മലപ്പുറം ബ്ളോക്കിലെ ഗ്രാമ പഞ്ചായത്തായിരുന്നു കോട്ടക്കല്‍ ഗ്രാമപഞ്ചായത്ത്. കോട്ടക്കല്‍ വില്ലേജുപരിധിയിലുള്‍പ്പെടുന്ന കോട്ടക്കല്‍ നഗരസഭക്ക് 20.43 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.  നഗരസഭയുടെ അതിരുകള്‍ വടക്കുഭാഗത്ത് പരപ്പൂര്‍, ഒതുക്കുങ്ങല്‍, പൊന്മള പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പൊന്മള പഞ്ചായത്തും, തെക്കുഭാഗത്ത് മാറാക്കര, കല്‍പകഞ്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് എടരിക്കോട്, കല്‍പകഞ്ചേരി പഞ്ചായത്തുകളുമാണ്. ഇടനാട് ഭൂപ്രകൃതിമേഖലയില്‍ സ്ഥിതി ചെയ്യുന്ന കോട്ടക്കലിലെ  പ്രധാന വിളകള്‍ നെല്ല്, തെങ്ങ്, വാഴ, കവുങ്ങ്, കുരുമുളക് എന്നിവയാണ്. കുന്നുകളും മലകളും ചെറുസമതലങ്ങളും നെല്‍വയലുകളുമെല്ലാം കാണപ്പെടുന്ന കോട്ടക്കല്‍ നഗരസഭ മലപ്പുറം ജില്ലയുടെ എല്ലാ പൊതുഭൂപ്രകൃതി സവിശേഷതകളും പ്രകടമായുള്ള പ്രദേശമാണ്. മയിലാടികുന്ന്, മുതകത്ത് കുന്ന്, പടിഞ്ഞാറെകുന്ന്, ഇയ്യക്കാട് കുന്ന് തുടങ്ങിയവ ഈ പ്രദേശത്തെ ചില ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങളാണ്. കേരളത്തില്‍ എന്നുമാത്രമല്ല ഇന്ത്യയിലും പേരുകേട്ട ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ആയുര്‍വേദചികിത്സാകേന്ദ്രവും ഹെല്‍ത്ത് ടൂറിസം കേന്ദ്രങ്ങളിലൊന്നുമായ കോട്ടക്കല്‍ ആര്യ വൈദ്യശാല ഈ നഗരസഭാ പ്രദേശത്താണ്  സ്ഥിതി ചെയ്യുന്നത്. തൃശ്ശൂര്‍-കോഴിക്കോട് 17-ാം നമ്പര്‍ ദേശീയപാതയും തിരൂര്‍-മലപ്പുറം റോഡുമാണ് കോട്ടക്കലിലൂടെ  കടന്നുപോകുന്ന പ്രധാന ഗതാഗതപാതകള്‍.