English| മലയാളം

വസ്തു നികുതി പരിഷ്കരണം/കുടിശ്ശിക പിടിച്ചെടുക്കല്‍ ഉത്തരവ്

     മലപ്പുറം ലോക്കല്‍ ഫണ്ട് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ പരാമര്‍ശം (1) റിപ്പോര്‍ട്ടില്‍ വസ്തു നികുതി പരിഷ്കരണവും, കുടിശ്ശിക നികുതി പിരിച്ചെടുക്കല്‍ എന്നിവ സംബന്ധിച്ച് പരാമര്‍ശം ഉള്ളതാണ്. പരാമര്‍ശം (2) കൗണ്‍സില്‍ തീരുമാനത്തില്‍ വസ്തു നികുതി പരിഷ്കരണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് തീരുമാനം എടുത്തിട്ടുള്ളതാണ്. സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, സമയബന്ധിതമായി വസ്തു നികുതി പരിഷ്കരണം പൂര്‍ത്തീകരിച്ച് ഡാറ്റ എന്‍ട്രി നടത്തി, ഡിമാന്‍റ് നോട്ടീസ് ജനറേറ്റ് ചെയ്ത്, നടപടികള്‍ 2014 ഏപ്രില്‍ 30 നകം പൂര്‍ത്തീകരിക്കുന്നതിന് പരാമര്‍ശം (4), (5) പ്രകാരം ഉത്തരവ് നല്‍കിയിരുന്നുവെങ്കിലും, പരിശോധനയില്‍ പൂര്‍ത്തീകരിച്ചിട്ടില്ലാത്തത് ഗൗരവമായി വീക്ഷിക്കുന്നു. നേരിട്ടുള്ള അന്വേഷണത്തില്‍ പൂര്‍ത്തീകരിക്കാതിരിക്കുന്നതിന് തൃപ്തികരവും വ്യക്തവുമായ കാരണങ്ങളൊന്നും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ലാത്തതിനാല്‍, 2014 ജൂലൈ 31 നകം ടി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവാകുന്നു.


1) വസ്തു നികുതി പരിഷ്കരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സൂപ്രണ്ട്, റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍, ആര്‍1 സെക്ഷന്‍ ക്ലര്‍ക്ക് എന്നിവരടങ്ങുന്ന ഒരു മോണിറ്ററിംഗ് സമിതി രൂപീകരിച്ച് കൊണ്ട് ഉത്തരവാകുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ടി സമിതി ബഹു: ചെയര്‍പേഴ്സണ്‍/വൈസ്ചെയര്‍മാന്‍ ന്‍റെ അധ്യക്ഷതയില്‍ യോഗം ചേരേണ്ടതും, ഓരോ വാര്‍ഡിലേയും വസ്തു നികുതി പരിഷ്കരണ നടപടികളുടെ പുരോഗതി അവലോകനം ചെയ്യേണ്ടതും, തടസ്സമായിട്ടുള്ള എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ആയവക്ക് പരിഹാരം കാണേണ്ടതുമാണ്. യോഗം ചേരല്‍ സംബന്ധിച്ച് പ്രത്യേകമായി ഒരു മിനുട്സ് ബുക്ക് ആര്‍1 സെക്ഷന്‍ ക്ലര്‍ക്ക് സൂക്ഷിക്കേണ്ടതാണ്. 

2) വസ്തു നികുതി പരിഷ്കരണം സംബന്ധിച്ചുള്ള എല്ലാ രേഖകളും, വിജ്ഞാപനങ്ങളും, ഉത്തരവുകളും ആര്‍1 സെക്ഷന്‍ ക്ലര്‍ക്ക് സൂക്ഷിക്കേണ്ടതും ഫോറം 6 അടക്കമുള്ള രേഖകള്‍ പൂര്‍ണ്ണമാണെന്നും ഉറപ്പു വരുത്തേണ്ടതുമാണ്. 

3) പാസ്റ്റ് ഡാറ്റ എന്‍ട്രി വരുത്തിയ അസസ്സ്മെന്‍റുകളുടെ പരിഷ്കരിച്ച നിരക്കിലുള്ള നികുതി കണക്കാക്കിയ ശേഷം ഡേറ്റാ ബേസില്‍ എന്‍ട്രികള്‍ അവശേഷിക്കുന്നുവെങ്കില്‍ ഇവ സംബന്ധിച്ച് ഒരിക്കല്‍ കൂടി ഫീല്‍ഡ് പരിശോധന നടത്തി ഈ കെട്ടിടങ്ങളുടെ നിജസ്ഥിതി ഉറപ്പുവരുത്തേണ്ടതാണ്. ഇപ്രകാരമുള്ള പരിശോധനയില്‍ പ്രസ്തുത അസസ്സ്മെന്‍റുകള്‍ പൊളിച്ചു നീക്കപ്പെട്ടവയാണ് എന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം ഡീമോളിഷ്ഡ് ബില്‍ഡിംഗ്സ് എന്ന ഗണത്തിലും തെറ്റായി ചേര്‍ക്കപ്പെട്ടവയാണെങ്കില്‍ ക്യാന്‍സല്‍ഡ് എന്ന ഗണത്തിലും ഉള്‍പ്പെടുത്തേണ്ടതാണ്. ഓരോ കെട്ടിടത്തിനും പ്രത്യേകം ഫയല്‍ സൂക്ഷിക്കേണ്ടതതും ഓഡിറ്റിന് വിധേയമാക്കേണ്ടതുമാണ്. 

4) വസ്തു നികുതി ഒടുക്കി വരുന്ന ഏതെങ്കിലും ഒരു കെട്ടിടത്തിന്‍റെ പഴയ കെട്ടിട നമ്പര്‍ കിട്ടാത്ത കേസുകളില്‍ പുതിയ കെട്ടിട നമ്പര്‍ നല്‍കി എന്‍ട്രി വരുത്താവുന്നതാണ്. ഇതിനായി ഒരു ഫയല്‍ ആരംഭിക്കേണ്ടതും ബന്ധപ്പെട്ട ക്ലര്‍ക്ക് റിപ്പോര്‍ട്ട് എഴുതി സൂപ്രണ്ട് സാക്ഷ്യപ്പെടുത്തി, ആ ഫയല്‍ നമ്പര്‍ റിമാര്‍ക്ക്സ് കോളത്തില്‍ രേഖപ്പെടുത്തേണ്ടതുമാണ്. 

5) 01.04.2014 മുതല്‍ പ്രാബല്യത്തില്‍ വസ്തു നികുതി കണക്കാക്കുമ്പോള്‍ 2012-13 വര്‍ഷം വരെയുള്ള നികുതി കുടിശ്ശികകള്‍ പൂര്‍ണ്ണമായി പിരിച്ചെടുത്തിട്ടുണ്ടെന്ന് റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍ ഉറപ്പു വരുത്തേണ്ടതും പുതുക്കിയ നികുതിക്കുള്ള ഡിമാന്‍റ് നോട്ടീസ് നല്‍കുമ്പോള്‍ നികുതി കുടിശ്ശിക ഉള്ള പക്ഷം ആയതു കൂടി രേഖപ്പെടുത്തി ഡിമാന്‍റ് നോട്ടീസ് നല്‍കേണ്ടതും നികുതി പിരിച്ചെടുക്കേണ്ടതുമാണ്. 2013-14 വര്‍ഷത്തേക്ക് നേരത്തെ വസ്തു നികുതി കൊടുത്തിട്ടുള്ള പക്ഷം പുതുക്കിയ നിരക്കില്‍ അവശേഷിക്കുന്ന തുക കൂടി ഈടാക്കേണ്ടതാണ്. 


6) സഞ്ചയ സോഫ്റ്റ് വെയറില്‍ ഡാറ്റ എന്‍ട്രി വളരെ സൂക്ഷമതയോടു കൂടി മത്രമേ നടത്താവൂ. എന്‍ട്രിയില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചതായി പിന്നീട് നടത്തുന്ന പരിശോധനയില്‍ മോണിറ്ററിംഗ് സമിതിക്കോ ഫീല്‍ഡ് ഓഫീസര്‍ക്കോ ബോധ്യപ്പെടുന്ന പക്ഷം അത്തരം കേസുകളില്‍ ഓരോ കെട്ടിടത്തിനും തിരുത്തലുകള്‍ക്ക് നയിച്ച വിശദാംശങ്ങള്‍ രേഖപ്പെടുത്തി പ്രത്യേകം ഫയല്‍ സൂക്ഷിക്കേണ്ടതാണ്. 
 
7) സഞ്ചയ സോഫ്റ്റ് വെയറില്‍ ഡാറ്റ എന്‍ട്രി പൂര്‍ത്തീകരിച്ച വാര്‍ഡുകളില്‍ ഉടന്‍ തന്നെ ഡിമാന്‍റ് നോട്ടീസ് ജനറേറ്റ് ചെയ്ത് നികുതിദായകര്‍ക്ക് നല്‍കേണ്ടതാണ്. 

 
ഈ ഉത്തരവ് ഉടന്‍ പ്രാബവല്യത്തില്‍ വരുന്നതും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ നഗരസഭക്ക് നഷ്ടം സംഭവിക്കുന്ന പക്ഷം ആയത് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍റെ/ഉദ്യോഗസ്ഥരുടെ മാത്രം വ്യക്തിപരമായ ബാധ്യത ആയിരിക്കുന്നതാണ്. 
AttachmentSize
A2-5885-2014 dated 01-07-2014_ Kottakkal Municipality.pdf90.7 KB